﻿സങ്കീർത്തനങ്ങൾ.
129.
ആരോഹണഗീതം. “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ; 
“എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു, എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല. 
ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി. 
എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.” 
സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ. 
വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന, പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ; 
അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല. 
“യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ; ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,” എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല. 
