﻿യിരെ..
20.
എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്‍റെ മകനും യഹോവയുടെ ആലയത്തിന് പ്രധാനവിചാരകനുമായ 
പശ്ഹൂർ പുരോഹിതൻ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ച്, യഹോവയുടെ ആലയത്തിനരികിലുള്ള മുകളിലത്തെ ബെന്യാമീൻ ഗോപുരത്തിലെ ആമത്തിൽ ഇട്ടു. 
പിറ്റെന്നാൾ പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചുവിട്ടപ്പോൾ യിരെമ്യാവ് അവനോട് പറഞ്ഞത്: “യഹോവ നിനക്കു പശ്ഹൂർ എന്നല്ല, മാഗോർ മിസ്സാബീബ് എന്നത്രേ പേര് വിളിച്ചിരിക്കുന്നത്.” 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്നെ നിനക്കും നിന്‍റെ സകല സ്നേഹിതന്മാർക്കും ഭീതിയാക്കിത്തീർക്കും; അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും; നിന്‍റെ കണ്ണ് അത് കാണും; എല്ലാ യെഹൂദായെയും ഞാൻ ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിക്കും; അവൻ അവരെ പിടിച്ച്, ബാബേലിലേക്കു കൊണ്ടുപോയി വാൾകൊണ്ട് കൊന്നുകളയും. 
ഈ നഗരത്തിലെ സകലനിക്ഷേപങ്ങളും അതിലെ സകലസമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാ രാജാക്കന്മാരുടെ സകലഭണ്ഡാരങ്ങളും ഞാൻ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കും; അവർ അവ കൊള്ള ചെയ്തു ബാബേലിലേക്കു കൊണ്ടുപോകും. 
എന്നാൽ പശ്ഹൂരേ, നീയും നിന്‍റെ വീട്ടിൽ വസിക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകലസ്നേഹിതന്മാരും ബാബേലിലേക്കു ചെന്നു, അവിടെവച്ച് മരിച്ച്, അടക്കപ്പെടും.” 
യഹോവേ, അങ്ങ് എന്നെ സമ്മതിപ്പിക്കുകയും ഞാൻ സമ്മതിക്കുകയും ചെയ്തു; അങ്ങ് ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാൻ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. 
സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. 
‘ഞാൻ ഇനി അങ്ങയെ ഓർക്കുകയില്ല, അവിടുത്തെ നാമത്തിൽ സംസാരിക്കുകയുമില്ല’ എന്നു പറഞ്ഞാൽ അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാൻ തളർന്ന്, എനിക്ക് സഹിക്കുവാൻ കഴിയാതെയായി. 
“സർവ്വത്രഭീതി; ഞാൻ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിക്കുവിൻ; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോട് പകവീട്ടുവാൻ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം” എന്നു എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്‍റെ സ്നേഹിതന്മാർ എല്ലാവരും പറയുന്നു. 
എന്നാൽ യഹോവ ബലവാനായ വീരനെപ്പോലെ എന്നോടുകൂടി ഉണ്ട്; അതിനാൽ എന്നെ ഉപദ്രവിക്കുന്നവർ ഇടറിവീഴും; അവർ ജയിക്കുകയില്ല; അവർ ബുദ്ധിയോടെ പ്രവർത്തിക്കാതിരുന്നതിനാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ. 
നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാൻ അങ്ങയോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ. 
യഹോവയ്ക്കു പാട്ടുപാടുവിൻ! യഹോവയെ സ്തുതിക്കുവിൻ! അവിടുന്ന് ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. 
ഞാൻ ജനിച്ചദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 
‘നിനക്കു ഒരു മകൻ ജനിച്ചിരിക്കുന്നു’ എന്നു എന്‍റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവൻ. 
എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും, അവളുടെ ഗർഭപാത്രം എല്ലായ്‌പ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്, 
ആ മനുഷ്യൻ എന്നെ ഉദരത്തിൽവച്ച് കൊന്നുകളയാതിരുന്നതുകൊണ്ട് അവൻ, അനുതപിക്കാതെ യഹോവ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവൻ നിലവിളിയും ഉച്ചസമയത്ത് പോർവിളിയും കേൾക്കുമാറാകട്ടെ. 
കഷ്ടവും സങ്കടവും അനുഭവിച്ച് ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിന് ഞാൻ ഉദരത്തിൽനിന്ന് പുറത്തുവന്നത് എന്തിന്?” 
