﻿യെശ..
34.
ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; വംശങ്ങളേ, ശ്രദ്ധതരുവിൻ; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്ന സകലവും കേൾക്കട്ടെ. 
യഹോവയ്ക്കു സകലജനതകളോടും കോപവും അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 
അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. 
ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുൾപോലെ ചുരുണ്ടുപോകും; അതിലെ സൈന്യമെല്ലാം മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും. 
എന്‍റെ വാൾ ആകാശത്തിൽ ലഹരിപിടിച്ചിരിക്കുന്നു; അത് ഏദോമിന്മേലും എന്‍റെ ശപഥാർപ്പിതജനത്തിന്മേലും ന്യായവിധിക്കായി ഇറങ്ങിവരും. 
യഹോവയുടെ വാൾ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ വൃക്കകളുടെ കൊഴുപ്പുംകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്ര പട്ടണത്തില്‍ ഒരു യാഗവും ഏദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്. 
അവയോടുകൂടി കാട്ടുപോത്തുകളും കാളകളോടുകൂടി മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 
അത് യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോൻ്റെ വ്യവഹാരത്തിൽ പകരംവീട്ടുന്ന വർഷവും ആകുന്നു. 
ഏദോമിന്‍റെ തോടുകൾ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും. 
രാവും പകലും അത് കെടുകയില്ല; അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അത് ശൂന്യമായി കിടക്കും; ഒരുത്തനും ഒരുനാളും അതിൽകൂടി കടന്നുപോവുകയുമില്ല. 
വേഴാമ്പലും മുള്ളൻപന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാർക്കും; അവൻ അതിന്മേൽ പാഴിന്‍റെ നൂലും ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും. 
അതിലെ കുലീനന്മാർ ആരും രാജത്വം ഘോഷിക്കുകയില്ല; അതിലെ പ്രഭുക്കന്മാർ എല്ലാവരും ഒന്നുമില്ലാതെയായിപ്പോകും. 
അതിന്‍റെ അരമനകളിൽ മുള്ളും അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അത് കുറുക്കന്മാർക്കു പാർപ്പിടവും ഒട്ടകപ്പക്ഷികൾക്കു താവളവും ആകും. 
മരുഭൂമിയിലെ വന്യമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിർപ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രമം പ്രാപിക്കുകയും ചെയ്യും. 
അവിടെ മൂങ്ങ കൂടുണ്ടാക്കി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ തന്‍റെ നിഴലിൻ കീഴിൽ ചേർത്തുകൊള്ളും; അവിടെ പരുന്തുകൾ അതതിന്‍റെ ഇണയോടു കൂടും. 
യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിൻ; അവയിൽ ഒന്നും കാണാതിരിക്കുകയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കുകയുമില്ല; അവിടുത്തെ വായല്ലയോ കല്പിച്ചത്; അവിടുത്തെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്. 
അവിടുന്ന് അവക്കായി ചീട്ടിട്ടു, അവിടുത്തെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചു കൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ വസിക്കും. 
