﻿സദൃ..
14.
സ്ത്രീകളിൽ ജ്ഞാനമുള്ളവൾ തന്‍റെ വീട് പണിയുന്നു; ഭോഷത്തമുള്ളവളോ അത് സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു. 
നേരായി നടക്കുന്നവൻ യഹോവയെ ഭയപ്പെടുന്നു; നടപ്പിൽ വക്രതയുള്ളവൻ അവിടുത്തെ നിന്ദിക്കുന്നു. 
ഭോഷന്‍റെ സംസാരം തനിക്കുതന്നെ ശിക്ഷ വിളിച്ചുവരുത്തുന്നു; ജ്ഞാനികളുടെ അധരങ്ങൾ അവരെ കാത്തുകൊള്ളുന്നു. 
കാളകൾ ഇല്ലാത്തിടത്ത് തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ട് വളരെ ആദായം ഉണ്ട്. 
വിശ്വസ്തസാക്ഷി ഭോഷ്ക് പറയുകയില്ല; കള്ളസ്സാക്ഷി ഭോഷ്ക് പറയുന്നു. 
പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന് പരിജ്ഞാനം എളുപ്പം. 
മൂഢന്‍റെ മുമ്പിൽനിന്ന് മാറിപ്പോകുക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല. 
വഴി തിരിച്ചറിയുന്നത് വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം. 
ഭോഷന്മാർ അകൃത്യയാഗത്തെ പരിഹസിക്കുന്നു; നേരുള്ളവർക്ക് തമ്മിൽ പ്രീതി ഉണ്ട്. 
ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷവും അന്യൻ പങ്കിടുന്നില്ല. 
ദുഷ്ടന്മാരുടെ വീട് നശിച്ചുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും. 
ചിലപ്പോൾ ഒരു വഴി മനുഷ്യന് ചൊവ്വായി തോന്നും; അതിന്‍റെ അവസാനം മരണവഴികൾ അത്രേ. 
ചിരിക്കുമ്പോഴും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമായിരിക്കാം. 
ഹൃദയത്തിൽ പിന്മാറ്റമുള്ളവന് തന്‍റെ നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യന് തന്‍റെ പ്രവൃത്തിയാൽ സംതൃപ്തി വരും. 
അല്പബുദ്ധി ഏത് വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പ് സൂക്ഷിച്ചുകൊള്ളുന്നു. 
ജ്ഞാനി സൂക്ഷ്മത്തോടെ നടക്കുന്നു; ഭോഷൻ ധിക്കാരംപൂണ്ട് നിർഭയനായി നടക്കുന്നു. 
മുൻകോപി ഭോഷത്തം പ്രവർത്തിക്കുന്നു; വക്രബുദ്ധിയുള്ളവന്‍ വെറുക്കപ്പെടും. 
അല്പബുദ്ധികൾ ഭോഷത്തം അവകാശമാക്കുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു. 
ദുർജ്ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലും വണങ്ങി നില്‍ക്കുന്നു. 
ദരിദ്രനെ കൂട്ടുകാരൻ പോലും പകക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാർ ഉണ്ട്. 
കൂട്ടുകാരനെ നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോട് കൃപ കാണിക്കുന്നവൻ ഭാഗ്യവാൻ. 
ദോഷം നിരൂപിക്കുന്നവർ വഴിവിട്ട് പോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവർക്ക് ദയയും വിശ്വസ്തതയും ലഭിക്കുന്നു. 
എല്ലാ തൊഴിലുംകൊണ്ട് ലാഭം വരും; വ്യർത്ഥഭാഷണംകൊണ്ട് ദാരിദ്ര്യമേ വരുകയുള്ളു. 
ജ്ഞാനികളുടെ ധനം അവർക്ക് കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്തം തന്നെ. 
സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് പറയുന്നവനോ വഞ്ചന ചെയ്യുന്നു. 
യഹോവാഭക്തന് ഉറച്ചധൈര്യം ഉണ്ട്; അവന്‍റെ മക്കൾക്കും അഭയം ഉണ്ടാകും. 
യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികൾ ഒഴിഞ്ഞുപോകും. 
പ്രജാബാഹുല്യം രാജാവിന് ബഹുമാനം; പ്രജാന്യൂനത പ്രഭുവിന് നാശം. 
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്തം ഉയർത്തുന്നു. 
ശാന്തമനസ്സ് ദേഹത്തിന് ജീവൻ; അസൂയയോ അസ്ഥികൾക്ക് ദ്രവത്വം. 
എളിയവനെ പീഡിപ്പിക്കുന്നവൻ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോട് കൃപ കാണിക്കുന്നവൻ അവിടുത്തെ ബഹുമാനിക്കുന്നു. 
ദുഷ്ടന് തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്‍ സത്യത്തില്‍ അഭയം കണ്ടെത്തുന്നു. 
വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാർക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളത് വെളിപ്പെട്ടുവരുന്നു. 
നീതി രാജ്യത്തെ ഉയർത്തുന്നു; പാപം ജനതക്ക് അപമാനം. 
ബുദ്ധിമാനായ ദാസന് രാജാവിന്‍റെ പ്രീതി ലഭിക്കുന്നു; നാണംകെട്ടവൻ അവന്‍റെ കോപത്തെ നേരിടും. 
