﻿സദൃ..
6.
മകനേ, കൂട്ടുകാരനു വേണ്ടി നീ ജാമ്യം നില്ക്കുകയോ അന്യനുവേണ്ടി കൈയടിച്ച് ഉറപ്പ് നൽകുകയോ ചെയ്തിട്ടുണ്ടെങ്കിൽ, 
നിന്‍റെ വായിലെ വാക്കുകളാൽ നീ ചതിക്കപ്പെട്ടു; നിന്‍റെ വായിലെ മൊഴികളാൽ നീ കെണിയിലായി. 
ആകയാൽ മകനേ, ഇത് ചെയ്യുക; നിന്നെത്തന്നെ വിടുവിക്കുക; കൂട്ടുകാരന്‍റെ കൈകളിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണ് കൂട്ടുകാരനോട് മുട്ടിപ്പായി അപേക്ഷിക്കുക. 
നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കൺപോളകൾക്ക് നിദ്രയും കൊടുക്കരുത്. 
മാൻ നായാട്ടുകാരന്‍റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്കുക, 
മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; അതിന്‍റെ വഴികൾ നോക്കി ബുദ്ധിപഠിക്കുക. 
അതിന് നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും 
വേനല്ക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്‍റെ ഭക്ഷണം ശേഖരിക്കുന്നു. 
മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോൾ ഉറക്കത്തിൽ നിന്നെഴുന്നേല്ക്കും? 
കുറേക്കൂടെ ഉറക്കം; കുറേക്കൂടെ നിദ്ര; കുറേക്കൂടെ കൈകെട്ടിക്കിടപ്പ്. 
അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധധാരിയെപ്പോലെയും വരും. 
നിസ്സാരനും ദുഷ്കർമ്മിയുമായവൻ വായുടെ വക്രതയോടെ നടക്കുന്നു. 
അവൻ കണ്ണിമയ്ക്കുന്നു; കാൽ കൊണ്ടു തോണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു. 
അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; അവൻ എല്ലായ്‌പ്പോഴും ദോഷം നിരൂപിച്ച് വഴക്കുണ്ടാക്കുന്നു. 
അതുകൊണ്ട് അവന്‍റെ ആപത്ത് പെട്ടെന്ന് വരും; ക്ഷണത്തിൽ അവൻ തകർന്നുപോകും; പരിഹാരമുണ്ടാകുകയുമില്ല. 
ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു: 
ഗർവ്വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും 
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും 
ഭോഷ്ക് പറയുന്ന കള്ളസാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ. 
മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്കുക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കുകയുമരുത്. 
അത് എല്ലായ്‌പ്പോഴും നിന്‍റെ ഹൃദയത്തോട് ബന്ധിച്ചുകൊള്ളുക; നിന്‍റെ കഴുത്തിൽ അത് കെട്ടിക്കൊള്ളുക. 
നീ നടക്കുമ്പോൾ അത് നിനക്കു വഴികാണിക്കും. നീ ഉറങ്ങുമ്പോൾ അത് നിന്നെ കാക്കും; നീ ഉണരുമ്പോൾ അത് നിന്നോട് സംസാരിക്കും. 
കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്‍റെ ശാസനകൾ ജീവന്‍റെ മാർഗ്ഗവും ആകുന്നു. 
അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും. 
അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്; അവൾ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. 
വേശ്യാസ്ത്രീനിമിത്തം പുരുഷൻ പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു. 
ഒരു മനുഷ്യന് തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ? 
ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ? 
കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവൻ ഇങ്ങനെതന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കുകയില്ല. 
കള്ളൻ വിശന്നിട്ട് വിശപ്പടക്കുവാൻ മാത്രം മോഷ്ടിച്ചാൽ ആരും അവനെ നിന്ദിക്കുന്നില്ല. 
അവൻ പിടിക്കപ്പെട്ടാൽ അവൻ ഏഴിരട്ടി മടക്കിക്കൊടുക്കണം; തന്‍റെ വീട്ടിലെ വസ്തുവക ഒക്കെയും കൊടുക്കേണ്ടിവരാം; 
സ്ത്രീയോട് വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനൻ; അങ്ങനെ ചെയ്യുന്നവൻ സ്വന്തപ്രാണനെ നശിപ്പിക്കുന്നു. 
പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്‍റെ നിന്ദ മാഞ്ഞുപോകുകയുമില്ല. 
ജാരശങ്ക പുരുഷന് ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളവ് നൽകുകയില്ല. 
അവൻ യാതൊരു നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; എത്ര സമ്മാനം കൊടുത്താലും അവൻ തൃപ്തിപ്പെടുകയുമില്ല. 
