﻿സങ്കീ..
128.
ആരോഹണഗീതം. യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ; 
നിന്‍റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്കു നന്മവരും. 
നിന്‍റെ ഭാര്യ നിന്‍റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്‍റെ മക്കൾ നിന്‍റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും. 
യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും. 
യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്‍റെ നന്മ കാണും. 
നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ. 
