﻿സങ്കീ..
71.
യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ. 
അങ്ങേയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കേണമേ; അങ്ങേയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കേണമേ. 
ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ. 
എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കയ്യിൽനിന്നും എന്നെ വിടുവിക്കേണമേ. 
യഹോവയായ കർത്താവേ, അവിടുന്ന് എന്‍റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്‍റെ ആശ്രയം തന്നെ. 
ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്‍റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു; 
ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്‍റെ ബലമുള്ള സങ്കേതമാകുന്നു. 
എന്‍റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. 
വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ. 
എന്‍റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു. 
“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്നു അവർ പറയുന്നു. 
ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്‍റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 
എന്‍റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ. 
ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും. 
എന്‍റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ. 
ഞാൻ യഹോവയായ കർത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങേയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും. 
ദൈവമേ, എന്‍റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങേയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. 
ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങേയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങേയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ. 
ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങേയോട് തുല്യൻ ആരാണുള്ളത്? 
അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും. 
അങ്ങ് എന്‍റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ. 
എന്‍റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്‍റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ടു അങ്ങേക്ക് സ്തുതിപാടും. 
ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്‍റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും. 
എന്‍റെ നാവും ഇടവിടാതെ അങ്ങേയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു. 
