﻿സങ്കീ..
40.
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; കർത്താവ് എന്നിലേക്ക് ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു. 
നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽനിന്നും കർത്താവ് എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്‍റെ ചുവടുകളെ സ്ഥിരമാക്കി. 
അവിടുന്ന് എന്‍റെ വായിൽ ഒരു പുതിയ പാട്ട് തന്നു, നമ്മുടെ ദൈവത്തിന് സ്തുതി തന്നെ; പലരും അത് കണ്ടു ഭയപ്പെട്ട് യഹോവയിൽ ആശ്രയിക്കും. 
യഹോവയെ തന്‍റെ ആശ്രയമാക്കുകയും നിഗളികളെയും വ്യാജദൈവങ്ങളിലേക്ക് തിരിയുന്നവരെയും ആദരിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. 
എന്‍റെ ദൈവമായ യഹോവേ, അവിടുന്ന് ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കുവേണ്ടിയുള്ള അങ്ങേയുടെ വിചാരങ്ങളും അനവധി ആകുന്നു; അങ്ങേക്ക് തുല്യൻ ആരുമില്ല; ഞാൻ അവയെപ്പറ്റി വിവരിച്ച് പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാത്തവിധം അധികമാകുന്നു. 
ഹനനയാഗവും ഭോജനയാഗവും അവിടുന്ന് ഇച്ഛിച്ചില്ല; അങ്ങ് എന്‍റെ ചെവികൾ തുറന്നിരിക്കുന്നു. ഹോമയാഗവും പാപയാഗവും അവിടുന്ന് ചോദിച്ചില്ല. 
അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; 
എന്‍റെ ദൈവമേ, അങ്ങേയുടെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു; അവിടുത്തെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.” 
ഞാൻ മഹാസഭയിൽ നീതിയുടെ സുവാർത്ത പ്രസംഗിച്ചു; അധരങ്ങൾ ഞാൻ അടക്കിവച്ചില്ല; യഹോവേ, അവിടുന്ന് അറിയുന്നു. 
ഞാൻ അങ്ങേയുടെ നീതി എന്‍റെ ഹൃദയത്തിൽ മറച്ചു വച്ചില്ല; അവിടുത്തെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; അവിടുത്തെ ദയയും സത്യവും ഞാൻ മഹാസഭയിൽ മറച്ചുവച്ചതുമില്ല. 
യഹോവേ, അങ്ങേയുടെ കരുണ അവിടുന്ന് എനിക്ക് അടച്ചുകളയുകയില്ല; അങ്ങേയുടെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും. 
അസംഖ്യം അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാൻ കഴിയാത്തവിധം എന്‍റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു. 
യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 
എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്‍റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ. 
“നന്നായി, നന്നായി” എന്നു എന്നോട് പറയുന്നവർ അവരുടെ ലജ്ജ നിമിത്തം സ്തംഭിച്ചുപോകട്ടെ. 
അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അവിടുത്തെ സന്നിധിയിൽ ആനന്ദിച്ച് സന്തോഷിക്കട്ടെ; അങ്ങേയുടെ രക്ഷയിൽ പ്രിയപ്പെടുന്നവർ “യഹോവ എത്ര മഹത്വമുള്ളവൻ” എന്നു എപ്പോഴും പറയട്ടെ. 
ഞാൻ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവ് എന്നെക്കുറിച്ച് വിചാരിക്കുന്നു; അവിടുന്ന് തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്‍റെ ദൈവമേ, താമസിക്കരുതേ. 
