﻿സങ്കീ..
38.
ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീർത്തനം. യഹോവേ, കോപത്തോടെ എന്നെ ശാസിക്കരുതേ. ക്രോധത്തോടെ എന്നെ ശിക്ഷിക്കുകയും അരുതേ. 
അങ്ങേയുടെ അസ്ത്രങ്ങൾ എന്‍റെ ഉള്ളിലേക്ക് തറച്ചുകയറിയിരിക്കുന്നു; അവിടുത്തെ കൈ എന്‍റെ മേൽ ഭാരമായിരിക്കുന്നു. 
അങ്ങേയുടെ നീരസം മൂലം എന്‍റെ ദേഹത്തിന് സൗഖ്യമില്ല; എന്‍റെ പാപംനിമിത്തം എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല. 
എന്‍റെ അകൃത്യങ്ങൾ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു. 
എന്‍റെ ഭോഷത്തം ഹേതുവായി എന്‍റെ വ്രണങ്ങൾ ചീഞ്ഞ് നാറുന്നു. 
ഞാൻ കുനിഞ്ഞ് നിലത്തോളം താണിരിക്കുന്നു; ഞാൻ ഇടവിടാതെ ദുഃഖിച്ച് നടക്കുന്നു. 
എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തിന് സൗഖ്യമില്ല. 
ഞാൻ ക്ഷീണത്താൽ അത്യന്തം തകർന്നിരിക്കുന്നു; എന്‍റെ ഹൃദയത്തിലെ അസ്വസ്ഥത നിമിത്തം ഞാൻ ഞരങ്ങുന്നു. 
കർത്താവേ, എന്‍റെ ആഗ്രഹം എല്ലാം തിരുമുമ്പിൽ ഇരിക്കുന്നു. എന്‍റെ ഞരക്കം അങ്ങേക്ക് മറഞ്ഞിരിക്കുന്നതുമില്ല. 
എന്‍റെ നെഞ്ചിടിക്കുന്നു; ഞാൻ ശക്തിഹീനനായിരിക്കുന്നു; എന്‍റെ കണ്ണിന്‍റെ വെളിച്ചവും ഇല്ലാതെയായി. 
എന്‍റെ സ്നേഹിതന്മാരും സഖാക്കളും എന്‍റെ ബാധ കണ്ടു അകന്ന് നില്ക്കുന്നു; എന്‍റെ അടുത്ത ബന്ധുക്കളും അകന്ന് നില്ക്കുന്നു. 
എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ കെണി വയ്ക്കുന്നു; എനിക്ക് അനർത്ഥം കാംക്ഷിക്കുന്നവർ അനാവശ്യമായി സംസാരിക്കുന്നു; അവർ ഇടവിടാതെ ചതിവ് ചിന്തിക്കുന്നു. 
എങ്കിലും ഞാൻ ചെകിടനെപ്പോലെ കേൾക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു. 
ഞാൻ, കേൾക്കാത്ത മനുഷ്യനെപ്പോലെയും വായിൽ ശകാരം ഇല്ലാത്തവനെപ്പോലെയും ആയിരുന്നു. 
യഹോവേ, അങ്ങയിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു; എന്‍റെ ദൈവമായ കർത്താവേ, അവിടുന്ന് ഉത്തരം അരുളും. 
“അവർ എന്നെക്കുറിച്ച് സന്തോഷിക്കരുതേ” എന്നു ഞാൻ പറഞ്ഞു; എന്‍റെ കാൽ വഴുതുമ്പോൾ അവർ എന്‍റെ നേരെ വമ്പ് പറയുമല്ലോ. 
ഞാൻ കാൽ ഇടറി വീഴുവാൻ തുടങ്ങുന്നു; എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു. 
ഞാൻ എന്‍റെ അകൃത്യം ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ച് ദുഃഖിക്കുന്നു. 
എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവർ, എന്നെ വെറുതെ ദ്വേഷിയ്ക്കുന്നവർ പെരുകിയിരിക്കുന്നു. 
ഞാൻ നന്മ പിന്തുടരുകയാൽ അവർ എനിക്ക് വിരോധികളായി നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു. 
യഹോവേ, എന്നെ കൈ വിടരുതേ; എന്‍റെ ദൈവമേ, എന്നോട് അകന്നിരിക്കരുതേ. 
എന്‍റെ രക്ഷയാകുന്ന കർത്താവേ, എന്‍റെ സഹായത്തിനായി വേഗം വരേണമേ. 
