﻿സങ്കീ..
13.
സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീർത്തനം. യഹോവേ, എത്രത്തോളം അവിടുന്ന് എന്നെ മറന്നുകൊണ്ടിരിക്കും? എത്രത്തോളം തിരുമുഖം ഞാൻ കാണാത്തവിധം മറയ്ക്കും? 
എത്രത്തോളം ഞാൻ എന്‍റെ ഉള്ളിൽ ചിന്താകുലനായി എന്‍റെ ഹൃദയത്തിൽ ദിനംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെ മേൽ ഉയർന്നിരിക്കും? 
എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാൻ മരണനിദ്ര പ്രാപിക്കാതിരിക്കുവാൻ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ. 
“ഞാൻ അവനെ തോല്പിച്ചുകളഞ്ഞു” എന്നു എന്‍റെ ശത്രു പറയരുതേ; ഞാൻ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികൾ ഉല്ലസിക്കുകയും അരുതേ. 
ഞാൻ അങ്ങേയുടെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം അവിടുത്തെ രക്ഷയിൽ ആനന്ദിക്കും. 
യഹോവ എനിക്ക് നന്മ ചെയ്തിരിക്കുകകൊണ്ട് ഞാൻ അവിടുത്തേക്ക് പാട്ടുപാടും. 
