﻿2 രാജാ..
4.
പ്രവാചകശിഷ്യന്മാരിൽ ഒരാളുടെ ഭാര്യ എലീശയോടു നിലവിളിച്ചു പറഞ്ഞത്: “നിന്‍റെ ദാസനായിരുന്ന എന്‍റെ ഭർത്താവ് മരിച്ചുപോയി; നിന്‍റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; എന്‍റെ ഭർത്താവ് കടക്കാരനായി മരിച്ചതിനാൽ ഇപ്പോൾ ആ കടക്കാരൻ എന്‍റെ രണ്ടു മക്കളെ അടിമകളാക്കുവാൻ ഭാവിക്കുന്നു.” 
എലീശ അവളോട്: “ഞാൻ നിനക്കു എന്തു ചെയ്തു തരേണം എന്നു പറയുക; വീട്ടിൽ നിനക്കു എന്താണുള്ളത്?” എന്നു ചോദിച്ചു. “ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല” എന്നു അവൾ പറഞ്ഞു. 
അതിന് അവൻ: “നീ ചെന്നു നിന്‍റെ അയല്ക്കാരോടു ഒഴിഞ്ഞ പാത്രങ്ങൾ വായ്പ വാങ്ങുക; പാത്രങ്ങൾ കുറവായിരിക്കരുത്. 
പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതിൽ അടച്ച്, ഒഴിഞ്ഞ പാത്രങ്ങളിലെല്ലാം എണ്ണ പകരുക; നിറഞ്ഞ പാത്രങ്ങൾ ഒരു ഭാഗത്തുമാറ്റിവക്കുക” എന്നു പറഞ്ഞു. 
അവൾ അവനെ വിട്ടു വീട്ടിൽ ചെന്നു തന്‍റെ മക്കളോടുകൂടെ അകത്ത് കടന്നു വാതിൽ അടച്ചു; മക്കൾ അവൾക്കു പാത്രങ്ങൾ കൊടുക്കുകയും അവൾ അവയിലേക്കു എണ്ണ പകരുകയും ചെയ്തു. 
പാത്രങ്ങൾ നിറഞ്ഞശേഷം അവൾ തന്‍റെ മകനോട്: “ഇനിയും പാത്രം കൊണ്ടുവരിക” എന്നു പറഞ്ഞു. അവൻ അവളോട്: “പാത്രം ഒന്നും ഇല്ല” എന്നു പറഞ്ഞു. അപ്പോൾ എണ്ണ നിന്നുപോയി. 
അവൾ ചെന്നു ദൈവപുരുഷനോട് ഈ കാര്യം അറിയിച്ചു. “നീ പോയി ഈ എണ്ണ വിറ്റ് കടം വീട്ടുക. മിച്ചമുള്ള പണം കൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്ളുക” എന്നു പറഞ്ഞു. 
ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായോരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അവനെ വീട്ടിൽ ഭക്ഷണം കഴിക്കുവാൻ വരേണം എന്നു നിർബ്ബന്ധിച്ചു. അതിനുശേഷം അവൻ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും. 
അവൾ തന്‍റെ ഭർത്താവിനോട്: “നമ്മുടെ വഴിയിലൂടെ മിക്കവാറും കടന്നുപോകുന്ന ഈയാൾ വിശുദ്ധനായോരു ദൈവപുരുഷൻ എന്നു ഞാൻ അറിയുന്നു. 
നമുക്ക് വീട്ടിന്‍റെ മുകളിൽ ചെറിയ ഒരു മാളികമുറി ഉണ്ടാക്കാം; അതിൽ ഒരു കട്ടിലും മേശയും കസേരയും നിലവിളക്കും വയ്ക്കാം; അവൻ നമ്മുടെ അടുക്കൽ വരുമ്പോൾ അവന് അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു. 
പിന്നെ ഒരു ദിവസം അവൻ അവിടെ വരുവാൻ ഇടയായി; അവൻ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി. 
അവൻ തന്‍റെ ഭൃത്യനായ ഗേഹസിയോട്: “ശൂനേംകാരത്തിയെ വിളിക്ക” എന്നു പറഞ്ഞു. അവൻ അവളെ വിളിച്ചു. അവൾ അവന്‍റെ മുമ്പിൽ വന്നുനിന്നു. 
അവൻ അവനോട്: “നീ ഇത്ര താല്പര്യത്തോടെ ഞങ്ങൾക്കുവേണ്ടി കരുതിയല്ലോ? നിനക്കു വേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കു വേണ്ടി എന്തെങ്കിലും പറയേണ്ടതുണ്ടോ?” എന്നു നീ അവളോട് ചോദിക്ക, എന്നു പറഞ്ഞു. അതിന് അവൾ: “ഞാൻ സ്വജനത്തിന്‍റെ മദ്ധ്യേ വസിക്കുന്നു” എന്നു പറഞ്ഞു. 
എന്നാൽ അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും എന്നു അവൻ ചോദിച്ചു അതിന് ഗേഹസി: “അവൾക്ക് മകനില്ലല്ലോ; അവളുടെ ഭർത്താവ് വൃദ്ധനും ആകുന്നു” എന്നു പറഞ്ഞു. 
“അവളെ വിളിക്ക” എന്നു അവൻ പറഞ്ഞു. അവൻ അവളെ വിളിച്ചപ്പോൾ അവൾ വാതില്ക്കൽ വന്നുനിന്നു. 
അപ്പോൾ അവൻ: “വരുന്ന ആണ്ടിൽ ഈ സമയം ആകുമ്പോൾ നീ ഒരു മകനെ മാറിൽ അണയ്ക്കുവാൻ ഇടയാകും” എന്നു പറഞ്ഞു. അതിന് അവൾ: “അല്ല, ദൈവപുരുഷനായ എന്‍റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ” എന്നു പറഞ്ഞു. 
ആ സ്ത്രീ ഗർഭംധരിച്ചു പിറ്റെ ആണ്ടിൽ, എലീശാ അവളോട് പറഞ്ഞസമയത്തു തന്നെ, ഒരു മകനെ പ്രസവിച്ചു. 
ബാലൻ വളർന്നപ്പോൾ ഒരു ദിവസം അവൻ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു. 
അവൻ അപ്പനോട്: “എന്‍റെ തല, എന്‍റെ തല” എന്നു പറഞ്ഞു. അവൻ ഒരു ബാല്യക്കാരനോട്: “ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടു പോകുക” എന്നു പറഞ്ഞു. 
അവൻ ബാലനെ എടുത്ത് അവന്‍റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവൻ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി. 
അപ്പോൾ അവൾ മാളികമുറിയിൽ കയറിച്ചെന്ന് അവനെ ദൈവപുരുഷന്‍റെ കട്ടിലിൽ കിടത്തി, വാതിൽ അടച്ചു പുറത്തിറങ്ങി. 
പിന്നെ അവൾ തന്‍റെ ഭർത്താവിനെ വിളിച്ചു: “ഞാൻ വേഗത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ പോയിവരേണ്ടതിന് എനിക്ക് ഒരു ഭൃത്യനെയും ഒരു കഴുതയെയും തരേണമേ” എന്നു പറഞ്ഞു. 
അതിന് അവൻ: “ഇന്നു നീ അവന്‍റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസ്യയോ, ശബ്ബത്തോ അല്ലല്ലോ” എന്നു പറഞ്ഞു. “സാരമില്ല” എന്നു അവൾ പറഞ്ഞു. 
അങ്ങനെ അവൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി ഭൃത്യനോട്: “കഴുതയെ വേഗത്തിൽ തെളിച്ചുവിടുക; ഞാൻ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിർത്തരുത്” എന്നു പറഞ്ഞു. 
അവൾ കർമ്മേൽപർവ്വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തി; ദൈവപുരുഷൻ അവളെ ദൂരത്തു കണ്ടപ്പോൾ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: “അതാ, ശൂനേംകാരത്തി വരുന്നു; നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: 
‘സുഖം തന്നെയോ? ഭർത്താവ് സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ?’ എന്നു അവളോടു ചോദിക്കേണം” എന്നു പറഞ്ഞു. “സുഖം തന്നെ” എന്നു അവൾ പറഞ്ഞു. 
അവൾ പർവ്വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തിയപ്പോൾ അവന്‍റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്നു പറഞ്ഞു. 
“ഞാൻ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞില്ലയോ” എന്നു അവൾ പറഞ്ഞു. 
ഉടനെ അവൻ ഗേഹസിയോട്: “നീ അരകെട്ടി എന്‍റെ വടിയും കയ്യിൽ എടുത്തു പോകുക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറയുകയും അരുത്; എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്ക്കേണം” എന്നു പറഞ്ഞു. 
എന്നാൽ ബാലന്‍റെ അമ്മ: “യഹോവയാണ, നിന്‍റെ ജീവനാണ, ഞാൻ നിന്നെ വിടുകയില്ല” എന്നു പറഞ്ഞു; അങ്ങനെ അവൻ എഴുന്നേറ്റ് അവളോടുകൂടെ പോയി. 
ഗേഹസി അവർക്കു മുമ്പായി ചെന്നു വടി ബാലന്‍റെ മുഖത്തു വച്ചു; എങ്കിലും ബാലൻ അനങ്ങുകയോ ഉണരുകയോ ചെയ്തില്ല. അതുകൊണ്ട് അവൻ അവനെ എതിരേൽക്കുവാൻ മടങ്ങിവന്നു: “ബാലൻ ഉണർന്നില്ല” എന്നു അറിയിച്ചു. 
എലീശാ വീട്ടിൽ വന്നപ്പോൾ തന്‍റെ കട്ടിലിൽ ബാലൻ മരിച്ചു കിടക്കുന്നതു കണ്ടു. 
താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവൻ വാതിൽ അടച്ചു യഹോവയോടു പ്രാർത്ഥിച്ചു. 
പിന്നെ അവൻ കയറി ബാലന്‍റെമേൽ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണ് അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളംകൈകൾ അവന്‍റെ ഉള്ളം കൈകളിന്മേലും വച്ചു അവന്‍റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു. 
അവൻ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടു പിന്നെയും കയറി അവന്‍റെമേൽ കവിണ്ണുകിടന്നു; അപ്പോൾ ബാലൻ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു. 
അവൻ ഗേഹസിയെ വിളിച്ചു; “ശൂനേംകാരത്തിയെ വിളിക്ക” എന്നു കല്പിച്ചു; അവൻ അവളെ വിളിച്ചു. അവൾ അവന്‍റെ അടുക്കൽ വന്നപ്പോൾ അവൻ: “നിന്‍റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊൾക” എന്നു പറഞ്ഞു. 
അവൾ അകത്തു ചെന്നു അവന്‍റെ കാല്ക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചശേഷം തന്‍റെ മകനെ എടുത്തുകൊണ്ടു പോയി. 
അനന്തരം എലീശാ ഗിൽഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകഗണം അവന്‍റെ മുമ്പിൽ ഇരിക്കുമ്പോൾ അവൻ തന്‍റെ ഭൃത്യനോട്: “നീ വലിയ കലം അടുപ്പത്തു വച്ചു പ്രവാചക ഗണത്തിനു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു. 
ഒരുത്തൻ ചീര പറിപ്പാൻ വയലിൽ ചെന്നു; ഒരു കാട്ടുവള്ളി കണ്ടു മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവർ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു. 
അവർ അത് ആളുകൾക്കു വിളമ്പി; അവർ പായസം കുടിക്കുമ്പോൾ നിലവിളിച്ചു; “ഹേ ദൈവപുരുഷാ, കലത്തിൽ മരണം” എന്നു പറഞ്ഞു. 
അവർക്കു ആ പായസം കുടിക്കുവാൻ കഴിഞ്ഞില്ല. “മാവ് കൊണ്ടുവരുവിൻ” എന്നു അവൻ പറഞ്ഞു അതു കലത്തിൽ ഇട്ടു: “ആളുകൾക്ക് വിളമ്പികൊടുക്കുക എന്നു പറഞ്ഞു. പിന്നെ ദോഷകരമായതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല. 
അനന്തരം ബാൽ-ശാലീശയിൽ നിന്ന് ഒരാൾ ദൈവപുരുഷന് ആദ്യഫലമായി ഇരുപതു യവത്തപ്പവും മലരും തോൾസഞ്ചിയിൽ കൊണ്ടുവന്നു. “ജനത്തിന് അത് തിന്നുവാൻ കൊടുക്ക” എന്നു അവൻ കല്പിച്ചു. 
അതിന് അവന്‍റെ ബാല്യക്കാരൻ: “ഞാൻ ഇതു നൂറുപേർക്ക് എങ്ങനെ വിളമ്പും?” എന്നു ചോദിച്ചു. അവൻ പിന്നെയും: “ജനത്തിന് അതു ഭക്ഷിക്കുവാൻ കൊടുക്കുക, അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 
അങ്ങനെ അവൻ അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു. 
