﻿സങ്കീർത്തനങ്ങൾ.
121.
ആരോഹണഗീതം. ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? 
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. 
നിന്റെ കാൽ വഴുതുവാൻ അവൻ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവൻ മയങ്ങുകയുമില്ല. 
യിസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല. 
യഹോവ നിന്റെ പരിപാലകൻ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണൽ. 
പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല. 
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവൻ നിന്റെ പ്രാണനെ പരിപാലിക്കും. 
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. 
