﻿സങ്കീർത്തനങ്ങൾ.
114.
യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ 
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു. 
സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി. 
പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. 
സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു? 
പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു. 
ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻ ദൈവത്തിന്റെ സന്നിധിയിൽ വിറെക്ക. 
അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു. 
