﻿സങ്കീർത്തനങ്ങൾ.
93.
യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. 
നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നേ. 
യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു. 
സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 
നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ. 
