﻿സങ്കീർത്തനങ്ങൾ.
67.
സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവൻ തന്റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ. 
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ. 
ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും. 
ജാതികൾ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ. 
ദൈവമേ ജാതികൾ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും. 
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും. 
ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികൾ ഒക്കെയും അവനെ ഭയപ്പെടും. 
